ബെംഗളൂരുവിലെ ജെ.പി.നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് രാജ പട്ടാപ്പകൽ വെട്ടേറ്റ് കൊല്ലപ്പെട്ടു. കൊലക്കേസിൽ പ്രതിയായിരുന്ന രാജയെ ജനമധ്യത്തിൽ വെച്ച് നാലംഗ സംഘം ക്രൂരമായി ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
തെക്കൻ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘങ്ങളിലെ പ്രധാന കണ്ണിയായിരുന്നു കൊല്ലപ്പെട്ട രാജയെന്ന് പൊലീസ് അറിയിച്ചു. ചായ കുടിക്കാനായി റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് ആക്രമിസംഘം രാജയെ വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ ടാക്സി കാറിൽ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കൊലപാതകത്തിൻ്റെ പശ്ചാത്തലം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.