തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ വീണ്ടും നിയമസഭയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകൾ ശക്തമാകുന്നു. മുഖ്യമന്ത്രി വിജയ് രാജിവെക്കുന്നതോടെ ഒഴിവാകുന്ന തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്റ്റാലിൻ മത്സരിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഡിഎംകെ നേതാവും തൃച്ചി വെസ്റ്റ് എം.എൽ.എയുമായ കെ.എൻ. നെഹ്റു നടത്തിയ പ്രസ്താവനയാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. സ്റ്റാലിൻ ഉടൻ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഏത് മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുകയെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇതോടെയാണ് തൃച്ചി ഈസ്റ്റ് മണ്ഡലത്തിൻ്റെ പേര് രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞത്.

അടുത്തിടെ തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയിയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിൽ നടന്ന കടുത്ത വാക്പോരും രാഷ്ട്രീയ ചൂട് വർധിപ്പിച്ചിരുന്നു. പ്രസംഗത്തിനിടെ ഉദയനിധിയോട് “നിൻ്റെ അച്ഛൻ എവിടെ?” എന്ന് ചോദിച്ച് വിജയ് പരിഹസിച്ചതും, സ്റ്റാലിൻ്റെ പ്രസിദ്ധമായ കൈആംഗ്യം അനുകരിച്ചതും വലിയ വിവാദത്തിന് വഴിവെച്ചു.

ഇതിന് പിന്നാലെ എം.കെ. സ്റ്റാലിൻ നേരിട്ട് പ്രതികരിച്ച്, “ഞാൻ ജനങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്” എന്നായിരുന്നു വിജയിക്ക് മറുപടി നൽകിയത്. ഈ രാഷ്ട്രീയ ഏറ്റുമുട്ടലിന് പിന്നാലെ സ്റ്റാലിൻ്റെ നിയമസഭാ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്.

അതേസമയം, സ്റ്റാലിൻ തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ ഡിഎംകെ നേതൃത്വത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Related Posts