ബെംഗളൂരുവിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മൗണ്ട് കാർമൽ കോളജിന് ഡീംഡ് ടു ബി സർവകലാശാലാ പദവി ലഭിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട വിദ്യാഭ്യാസ പാരമ്പര്യമുള്ള സ്ഥാപനത്തിന് ലഭിച്ച ഈ അംഗീകാരം ഉന്നത വിദ്യാഭ്യാസ രംഗത്തെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ സർവകലാശാലയുടെ ലോഗോ മൗണ്ട് കാർമൽ എജ്യുക്കേഷനൽ സൊസൈറ്റി പ്രസിഡണ്ട് സിസ്റ്റർ ജോസ് ലിനെറ്റ് പ്രകാശനം ചെയ്തു. 1948-ൽ ബെംഗളൂരുവിൽ സ്ഥാപിതമായ മൗണ്ട് കാർമൽ കോളജിന് 2005-ലാണ് സ്വയംഭരണ പദവി ലഭിച്ചത്.

ഡീംഡ് ടു ബി സർവകലാശാലാ പദവിയോടെ അക്കാദമിക് മികവും ഗവേഷണ പ്രവർത്തനങ്ങളും കൂടുതൽ വിപുലീകരിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. ഇതിനായി ദേവനഹള്ളിയിൽ 200 ഏക്കർ സ്ഥലത്ത് പുതിയ വിദ്യാഭ്യാസ-ഗവേഷണ ക്യാമ്പസ് വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രിൻസിപ്പൽ ജോർജ് ലേഖ വ്യക്തമാക്കി. പുതിയ പദ്ധതികൾ വിദ്യാർഥികൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള പഠന-ഗവേഷണ അവസരങ്ങൾ ഒരുക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Related Posts