മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ വ്യാപകമായി രംഗത്തെത്തിയതോടെ ശിവകുമാർ സർക്കാരിൻ്റെ രണ്ടാംഘട്ട മന്ത്രിസഭാ വികസനം വീണ്ടും വൈകാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ. നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മന്ത്രിസഭ വികസനം നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം 13 മന്ത്രിമാർ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. 34 അംഗ മന്ത്രിസഭയിൽ ഇനി 20 സ്ഥാനങ്ങൾ കൂടി നികത്താനുണ്ട്. ജാതി, പ്രാദേശിക, സമുദായ സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കുക.
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ സമയം ലഭിക്കാത്തതും നടപടികൾ വൈകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. അതേസമയം, മുൻമന്ത്രി സമീർ അഹമ്മദ് ഖാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് പാർട്ടിക്കുള്ളിൽ ശക്തമായ പിന്തുണയുണ്ട്. മുൻ മന്ത്രിമാരായ എച്ച്.കെ. പാട്ടീൽ, എച്ച്.സി. മഹാദേവപ്പ, ദിനേഷ് ഗുണ്ടുറാവു എന്നിവർ വീണ്ടും മന്ത്രിസഭയിലേക്ക് എത്താൻ ശ്രമിക്കുന്നതിനൊപ്പം പുതുമുഖ നേതാക്കളും അവസരം തേടുന്നുണ്ട്. ഇതോടെ മന്ത്രിസഭാ വികസനം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.
മുസ്ലിം സമുദായത്തിൽ നിന്ന് സലീം അഹമ്മദ്, കനീസ് ഫാത്തിമ, റിസ്വാൻ അർഷാദ് എന്നിവരും മന്ത്രിസ്ഥാനത്തിനായി ശ്രമം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ യു.ടി. ഖാദർ മാത്രമാണ് ഈ വിഭാഗത്തെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലുള്ളത്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. ലക്ഷ്മി ഹെബ്ബാൾക്കർ, നയന മോട്ടമ്മ, അന്നപൂർണ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിൽ. ആദ്യഘട്ട മന്ത്രിസഭയിൽ വനിതാ മന്ത്രിമാർ ഉണ്ടായിരുന്നില്ല.