ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവും യുവതിയും പാലക്കാട് വടക്കഞ്ചേരി പോലീസിൻ്റെ പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് രണ്ട് ബസുകളിലായി എത്തിയ ഇവർ കോട്ടയത്തേക്കുള്ള യാത്ര തുടരുന്നതിനായി മറ്റൊരു ബസിനായി കാത്തുനിൽക്കുന്നതിനിടെയായിരുന്നു പോലീസ് നടപടി.
പരിശോധനയിൽ ഇരുവരിൽ നിന്നുമായി 45.253 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഷാഹുൽ സുനീറിൻ്റെ പാന്റ് പോക്കറ്റിൽ നിന്ന് 24.089 ഗ്രാമും എലിസബത്തിൻ്റെ വസ്ത്രത്തിനുള്ളിൽ നിന്ന് 21.164 ഗ്രാമും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.