ഓണക്കാല യാത്രകൾക്കായുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ ആരംഭിക്കും. ഓഗസ്റ്റ് 19-നുള്ള യാത്രാ ടിക്കറ്റുകളുടെ റിസർവേഷനാണ് ആദ്യം തുറക്കുക. ഈ വർഷം തിരുവോണം ഓഗസ്റ്റ് 26-നാണെങ്കിലും 20 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് യാത്രക്കാരുടെ ഏറ്റവും വലിയ തിരക്ക് പ്രതീക്ഷിക്കുന്നത്.

ഉത്രാട ദിനമായ ഓഗസ്റ്റ് 25-ന് കർണാടകയിൽ നബിദിന അവധിയും ലഭിക്കുന്നതിനാൽ നിരവധി പ്രവാസികളും ജോലിക്കാരും നേരത്തേ നാട്ടിലേക്ക് യാത്ര തിരിക്കാനാണ് സാധ്യത. അതിനാൽ ആദ്യ ദിനങ്ങളിൽ തന്നെ ടിക്കറ്റുകൾ വേഗത്തിൽ തീരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, കേരള-കർണാടക ആർടിസി ബസുകളിലെ ഓണക്കാല മുൻകൂർ ബുക്കിങ് ജൂലൈ അവസാനത്തോടെയോ അതിനുശേഷമോ മാത്രമേ ആരംഭിക്കൂ.

ഇതിനിടെ, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനുകൾ ഓണ സീസണിലേക്കും നീട്ടണമെന്ന ആവശ്യം ശക്തമാവുകയാണ്. ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള ആറ് വാരാന്ത്യ സ്പെഷൽ ട്രെയിനുകൾ നിലവിൽ ജൂലൈ അവസാനവരെ മാത്രമാണ് സർവീസ് നടത്തുന്നത്. വേനൽക്കാല സ്പെഷൽ സർവീസുകളായി ആരംഭിച്ച ഈ ട്രെയിനുകൾ ഓണക്കാലത്തേക്കും തുടരുകയാണെങ്കിൽ കുടുംബസമേതം നാട്ടിലേക്ക് പോകുന്നവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സഹായകരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

Related Posts