‘വി ദ ലീഡേഴ്സ്’ എന്ന ജനകീയ പ്രസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ജൂലൈ മാസത്തോടെ പ്രസ്ഥാനം ഔദ്യോഗികമായി രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതിനോടകം 18 ലക്ഷം പേർ പ്രസ്ഥാനത്തിൻ്റെ ഭാഗമായിട്ടുണ്ടെന്നും യാതൊരു പ്രലോഭനങ്ങളോ പ്രതിഫലങ്ങളോ ഇല്ലാതെയാണ് ആളുകൾ അംഗങ്ങളാകുന്നതെന്നും അണ്ണാമലൈ പറഞ്ഞു. 50 ലക്ഷം അംഗത്വം നേടുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു പുതിയ മാറ്റത്തിന് തുടക്കമാകുമെന്ന വിശ്വാസത്തോടെയാണ് ജനങ്ങൾ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. ഓൺലൈൻ വഴിയും നേരിട്ടും അംഗത്വം സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടിയായി മാറുന്നതോടെ പ്രവർത്തന രീതിയിലും സംഘടനാ ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും, ജൂലൈ മുതൽ അതിൻ്റെ ഫലങ്ങൾ ജനങ്ങൾക്ക് നേരിട്ട് കാണാനാകുമെന്നും അണ്ണാമലൈ പറഞ്ഞു.

Related Posts