പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നു. പാർട്ടിക്കുള്ളിലെ വിമത വിഭാഗം ഡൽഹിയിൽ നിർണായക ചർച്ചകൾ നടത്തിയതോടെ നേതൃത്വത്തിനെതിരായ അസംതൃപ്തി പരസ്യമായ പിളർപ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. വിമത എംപിമാർ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തു. തങ്ങൾക്കൊപ്പം 22 ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് വിമത നേതാവും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടത്.
ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി അംഗീകാരം നൽകണമെന്നും എൻഡിഎ അംഗങ്ങൾക്കൊപ്പം ഇരിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് വിമതർ തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയെ കാണും. തങ്ങളെയാണ് “യഥാർഥ തൃണമൂൽ കോൺഗ്രസ്” ആയി അംഗീകരിക്കേണ്ടതെന്ന നിലപാടിലാണ് ഇവർ.
വിമത ക്യാമ്പിലേക്ക് രണ്ട് എംപിമാർ കൂടി എത്തുമെന്നാണ് നേതൃത്വത്തിൻ്റെ അവകാശവാദം. ഔദ്യോഗികമായി ചേരുന്ന ഘട്ടത്തിൽ അവരുടെ പേരുകൾ പുറത്തുവിടുമെന്നും കകോലി ഘോഷ് ദസ്തിദാർ വ്യക്തമാക്കി.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന് നിലവിൽ 28 അംഗങ്ങളാണുള്ളത്. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളുടെ പിന്തുണ ആവശ്യമായ സാഹചര്യത്തിൽ 22 എംപിമാരുടെ പിന്തുണ ലഭിച്ചെന്ന അവകാശവാദം വിമതർക്ക് നിർണായകമാണ്. കൊൽക്കത്തയിൽ നടത്താനിരുന്ന വിമതരുടെ നിർണായക യോഗം അവസാന നിമിഷം ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ ഉയർന്ന അതൃപ്തിയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലെ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.