ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിൽ ഇന്ത്യ അമേരിക്കൻ നയതന്ത്രജ്ഞനെ രണ്ടു തവണ വിളിച്ച് വരുത്തി കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം.

ഒമാൻ തീരത്തുവെച്ച് യു.എസ്.നാവികസേനയുടെ മിസൈലേറ്റ് തീപിടിച്ച ഒരു ചരക്കുകപ്പലിൽനിന്ന് മൂന്ന് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. ഇവർ മരിച്ചതായി പിന്നീട് വിവരം ലഭിച്ചു. ഇതിന് പിന്നാലെ യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. വ്യാഴാഴ്ചയും ആക്രമണമുണ്ടായെന്ന് ചൂണ്ടിക്കാട്ടി യുഎസ് സ്ഥാനപതി കാര്യാലയത്തിൻ്റെ ചുമതലയുള്ള ജെയ്‌സൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം ഇന്ന് വീണ്ടും വിളിച്ചുവരുത്തിയിരുന്നു.

‘ഒമാൻ ഉൾക്കടലിൽ ഇന്ത്യൻ നാവികരുമായി യാത്ര ചെയ്യുന്ന ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ യുഎസ് നാവികസേനയുടെ തുടർച്ചയായ ആക്രമണങ്ങളിൽ അദ്ദേഹത്തോട് ശക്തമായി പ്രതിഷേധമറിയിച്ചു’ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പിന്നാലെയാണ് ഇറാനാണ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന വാദവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. സമാധാന കരാർ സംബന്ധിച്ച് ഇറാൻ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചുള്ള പോസ്റ്റിലാണ് ട്രംപ് ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Related Posts