നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയതായി രണ്ട് തീവണ്ടികൂടി സർവീസ് ആരംഭിച്ചതോടെ സർവീസുകൾ തമ്മിലുള്ള ഇടവേള ഒൻപത് മിനിറ്റിൽനിന്ന് ഏഴ് മിനിറ്റായി കുറഞ്ഞു. പുതിയ രണ്ട് തീവണ്ടികൾകൂടി ട്രാക്കിലിറക്കിയതോടെ പാതയിൽ സർവീസ് നടത്തുന്ന തീവണ്ടികളുടെ എണ്ണം പത്തായി. ഐ.ടി. കേന്ദ്രമായ ഇലക്ട്രോണിക്സസ് സിറ്റിയിലേക്കുള്ള പാതയായതിനാൽ ഇടവേള കുറഞ്ഞത് ഒട്ടേറെപ്പേർക്ക് പ്രയോജനമാകും. വൈകാതെതന്നെ അഞ്ച് തീവണ്ടികൾകൂടി യെല്ലൊ ലൈനിൽ സർവീസ് ആരംഭിക്കും. ഇതിൽ ഒന്ന് ഇതിനകം ബി.എം.ആർ.സി.എലിന് കൈമാറിയിട്ടുണ്ട്. യെല്ലോ ലൈനിൽ മെട്രോ തീവണ്ടി സർവീസുകളുടെ എണ്ണം വർധിക്കുന്നത് നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് സഹായകമാകും. നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന റോഡുകളാണ് ഇലക്ട്രോണിക് സിറ്റി മേഖലയിലുള്ളത്.

മൂന്ന് തീവണ്ടികളുമായിട്ടാണ് 19.15 കിലോ മീറ്റർ ദൈർഘ്യമുള്ള പാതയിൽ സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ 25 മിനിറ്റ് ഇടവേളകളിലായിരുന്നു സർവീസുകൾ. പിന്നീട് പല തവണകളായി കൂടുതൽ തീവണ്ടികൾ സർവീസിൽ ഉൾപ്പെടുത്തി ഇടവേള കുറയ്ക്കുകയായിരുന്നു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള യെല്ലോ ലൈൻ കഴിഞ്ഞവർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്.

Related Posts