കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും എയർപോർട്ടിലെ വിമാനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ആക്രമണ വിവരം അറിയിച്ചത്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ സായുധ സേന നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്നും വക്താവ് വ്യക്തമാക്കി.
രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ ഒന്നിന് മാത്രമാണ് ടി1 ടെർമിനൽ പ്രവർത്തനം പുനരാരംഭിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ദ്വീപായ ക്വിഷമിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് ഇറാൻ ആക്രമണം നടത്തിയത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.