നിലവിലുള്ള മതചിഹ്നമോ വേഷമോ അല്ലാതെ പുതിയ രീതികളൊന്നും സ്കൂളുകളിൽ അനുവദിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് വിലക്ക് കഴിഞ്ഞദിവസം പിൻവലിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ വിശദീകരണം. ഹിജാബിനു പുറമേ, പുണുൽ, തലപ്പാവ്, രുദ്രാക്ഷമാല തുടങ്ങി ഓരോരുത്തരുടെയും വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ചു നിലവിലുള്ള ചിഹ്ന്നങ്ങൾ ധരിക്കാം.
സർക്കാർ നടപടിയെ ജമാഅത്ത് എ ഇസ്ലാമി കർണാടക ഘടകം സ്വാഗതം ചെയ്തു. ഭരണഘടന ഉറപ്പു നൽകുന്ന വിദ്യാഭ്യാസ അവകാശവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും അവർ വ്യക്തമാക്കി.
മുസ്ലിം സ്ഥാനാർഥിയെ നിയോഗിക്കാത്തതിനെ തുടർന്നു ദാവനഗെരെ നോർത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട വിമതശബ്ദങ്ങളെ അനുനയിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നു പ്രതിപക്ഷ നേതാവ് ആർ.അശോക ആരോപിച്ചു.