തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. തമിഴ്നാട്ടിൽ ആര് ഭരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു. 108 സീറ്റുകൾ നേടിയ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ, കോൺഗ്രസിൻ്റെയും ഇടതുകക്ഷികളുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഗവർണർ ഇതുവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ല. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ടിവികെക്ക് പിന്തുണ അറിയിച്ചിരുന്നു.
സിപിഐ, സിപിഐ(എം) തുടങ്ങിയ ഇടതുപക്ഷ പാർട്ടികൾ വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുനിന്ന് പിന്തുണ നൽകുമെന്നും മന്ത്രിസഭയിൽ ഭാഗമാകില്ലെന്നുമാണ് ഇടതുകക്ഷികളുടെ നിലപാട്. ഇതോടെ ടിവികെ സഖ്യത്തിന്റെ അംഗബലം 116 ആയി ഉയർന്നു. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.
ടിവികെയെ പിന്തുണയ്ക്കില്ലെന്നും ഡിഎംകെ സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. തിരുമാവളവന്റെ നേതൃത്വത്തിലുള്ള വിസികെ സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് പാർട്ടി. ഇന്ന് രാവിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് വിസികെ അറിയിച്ചിട്ടുണ്ട്. ഇതോടെ മറ്റ് ചെറുപാർട്ടികളെയും സ്വതന്ത്രരെയും ആശ്രയിക്കേണ്ട സ്ഥിതിയിലാണ് വിജയ്.