കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സുപ്രധാന ഇടപെടലുമായി ശശിതരൂർ എംപി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി തരൂർ കൂടിക്കാഴ്ച നടത്തി. കേന്ദ്ര നേതൃത്വത്തെ കേരളത്തിലെ സാഹചര്യം ധരിപ്പിപ്പിച്ചതായും തരൂർ വ്യക്തമാക്കി. മല്ലികാർജുൻ ഖർഗെയെ നിരീക്ഷകർ അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി പദത്തിനായി പോരടിക്കുന്ന നേതാക്കളെ അനുയിപ്പിക്കാൻ അനുനയ ഫോർമുല ഹൈക്കമാൻഡ് രൂപവത്കരിച്ചെന്നാണ് സൂചന. സുപ്രധാന വകുപ്പുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ശനിയാഴ്ച രാഹുൽ ഗാന്ധി കേരളത്തിൽനിന്നുള്ള നേതാക്കളുമായി നടത്തുന്ന ചർച്ചയാണ് മുഖ്യമന്ത്രി വിഷയത്തിൽ നിർണായകമാവുക.
രമേശ് ചെന്നിത്തലയും വി.ഡി.സതീശനും സണ്ണി ജോസഫും ചർച്ചയിൽ പങ്കെടുക്കാൻ ഉടൻ ഡൽഹിക്ക് തിരിക്കും. കെ.സി.വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്.
ഇതിനിടെ രാഹുൽ ഗാന്ധി കേരളത്തിലെ ചില മുതിർന്ന നേതാക്കളെ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർക്ക് മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിൽ അതൃപ്തിയുണ്ട്.