ഒരു വയസ് പെൺകുഞ്ഞിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ ബുധിയ നാല അഴുക്കുചാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ മധുബനി സ്വദേശിനിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഇവർ ഭർത്താവും മക്കളുമൊത്ത് കഴിഞ്ഞ 10 വർഷമായി ഫരീദാബാദിലാണ് താമസം. യുവതി വസ്ത്ര നിർമാണ ശാലയിലും ഭർത്താവ് വെൽഡറായും ജോലി ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആണ് അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ രണ്ട് സ്കൂൾ കുട്ടികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കുട്ടികൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദ്യം കുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷനിൽ ആണ് പ്രതിയെ കണ്ടെത്താനായത്.