തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരിന് ജസ്റ്റിസ് എം ദണ്ഡപാണി അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 29ന് മുൻപായി സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശം.
സർട്ടിഫിക്കറ്റ് നൽകാൻ പാർഥിപൻ തമിഴ്നാട് സർക്കാരിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ പാർഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാതി, മത രഹിത സർട്ടിഫിക്കറ്റിനായി മാർച്ച് 20-ന് താൻ അപേക്ഷിച്ചെങ്കിലും അധികൃതർ നൽകാൻ വിമുഖത കാട്ടുന്നുവെന്നാരോപിച്ചാണ് പാർഥിപൻ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.