യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കന്നഡ പ്രവീ ണ്യം നിർബന്ധമാക്കിയതിനെതിരെ ഓട്ടോ യൂനിയനുകൾ രംഗത്ത്. കന്നഡ എഴുതാനും വായിക്കാനും അറിയുന്നവർക്ക് മാത്രമേ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ലൈസൻസും പെർമിറ്റും അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) വക്താവ് എ.എൻ.നടരാജ് ഗൗഡ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയിരുന്നു.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഈ കാലത്ത് കന്നഡ പ്രാവീണ്യം ആവശ്യമില്ലെന്നും ആപ്പിലൂടെ ക്യാബ് ബുക്ക് ചെയ്യുകയും ലൊക്കേഷൻ ആപ്പിലൂടെ കാണിക്കുകയും മറ്റൊരു ആപ്പിലൂടെ പണം അടക്കുകയും ചെയ്യുമ്പോൾ ഡ്രൈവറും യാത്രികരും പരസ്പരം സംസാരിക്കേണ്ട അവശ്യം വരുന്നില്ല. ബംഗളൂരുപോലുള്ള കോസ്മോപൊളിറ്റൻ നഗരത്തിൽ ഇങ്ങനെയൊരു ഉത്തരവ് അനാവശ്യമാണെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (എ.ആർ.ഡി.യു) ജനറൽ സെക്രട്ടറി ഡി. രുദ്രമൂർത്തി പറഞ്ഞു. സ്വയം ഉപജീവന മാർഗം കണ്ടെത്തുന്ന നിരവധി പേരെ ഉത്തരവ് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.