ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ. ഭൂമിയുടെ ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്തുവരുന്നത് 53 വർഷങ്ങൾക്ക് ശേഷമാണ്. അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസൺ ഷ്മിറ്റ് ആണ് ഭൂമിയുടെ ചിത്രം ആദ്യമായി പകർത്തിയത്. ബ്ലൂ മാർബിൾ എന്നറിയപ്പെടുന്ന ആ ചിത്രം ചരിത്ര പ്രസിദ്ധമാണ്.
നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുതിച്ചുയർന്നത്. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയാണ് ആര്‍ട്ടെമിസ് രണ്ട് വിക്ഷേപണം നടത്തിയത്. ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രനിലേക്കുള്ള യാത്ര ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 5:19-നായിരുന്നു നിര്‍ണായകമായ എന്ജിന് ജ്വലനം. ‘ട്രാന്‍സ്ലൂണാര്‍ ഇന്ജക്ഷന്’ എന്ന സുപ്രധാന പ്രക്രിയ പൂര്‍ത്തിയാക്കി പേടകം ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു.