ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രത്തിന്മേൽ യുഎസ് – ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തിൽ ആണവചോർച്ചയുണ്ടായിട്ടില്ല എന്നും മാദ്ധ്യമങ്ങൾ വ്യക്തമാക്കി.
ഇസ്രയേലുമായുള്ള യുദ്ധത്തിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ നതാൻസ് ആക്രമിക്കപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ടെഹ്റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ (135 മൈൽ) തെക്കുകിഴക്കായി ആണ് നതാൻസ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ ഇറാനും ഇസ്രായേലും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിലും വ്യോമാക്രമണത്തിന് ഇരയായിരുന്നു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സൂചന നൽകിയതിന് പിന്നാലെയാണ് ഇറാനിലെ ആണവ കേന്ദ്രത്തിൽ ആക്രമണമുണ്ടായത്.