ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമാകുമ്പോഴും ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ കപ്പൽ ഗതാഗതം തുടരുന്നു. യുദ്ധസാഹചര്യം നിലനിൽക്കെത്തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തൊണ്ണൂറോളം കൂറ്റൻ എണ്ണക്കപ്പലുകൾ ഈ മേഖലയിലൂടെ സുരക്ഷിതമായി കടന്നുപോയതായാണ് വരുന്ന റിപ്പോർട്ടുകൾ. ലോകത്തെ മൊത്തം എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയാണ്. മേഖലയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയാൽ ഈ പാത ഇറാൻ അടയ്ക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരുന്നു. എന്നാൽ നിലവിൽ കപ്പലുകളുടെ നീക്കം സുരക്ഷിതമാണെന്നും എണ്ണക്കമ്പനികൾ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇറാൻ തങ്ങളുടെ എണ്ണ കയറ്റുമതിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഇറാൻ ഇപ്പോഴും ആഗോള വിപണിയിലേക്ക് എത്തിക്കുന്നത്. സംഘർഷം കാരണം എണ്ണ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ആശങ്ക ലോകമെമ്പാടും നിലനിന്നിരുന്നുവെങ്കിലും, കപ്പൽ ഗതാഗതം സുഗമമായി തുടരുന്നത് വിപണിക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്.