പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി കാനഡ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ത്യയുടെ എണ്ണവിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (എൽ.എൻ.ജി) ദീർഘകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.
പശ്ചിമ തീരത്തുനിന്നുള്ള ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കളിലൂടെയും എൽ.എൻ.ജി വിതരണത്തിലൂടെയും ഇന്ത്യയുടെ ഹരിത ഊർജ പരിവർത്തനത്തിന് പിന്തുണ നൽകാൻ കാനഡ സജ്ജമാണെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ വിശ്വസ്ത ഊർജപങ്കാളിയാകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കാനഡ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്.