ബെംഗളൂരുവിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ 7,000 കോടി രൂപ അനുവദിച്ചു. നഗരത്തിൻ്റെ വികസനത്തിനായി ‘മാസ്റ്റർ പ്ലാൻ -2041’ രൂപവത്കരിക്കും. ഹെബ്ബാൾ ജങ്ഷൻ മുതൽ മേഖ്രി സർക്കിൾ വരെ 2,250-കോടി രൂപ ചെലവിൽ തുരങ്ക റോഡും ഇലവേറ്റഡ് ഇടനാഴിയും നിർമിക്കും. രണ്ട് വർഷത്തിനുള്ളിൽ 2000-കോടി രൂപ ചെലവിൽ വിവിധ പാലങ്ങളുടെ നിർമാണവും നടക്കും.നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി 3,000 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. 500-കിലോമീറ്റർ നടപ്പാതകളുടെ നവീകരണം, 175-ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, 100-ആകാശപ്പാതകളുടെ നിർമാണം എന്നിവയ്ക്കായി തുക വിനിയോഗിക്കും. മൈസൂരു, ആനിഗെരെ, ഗുണ്ടൽപേട്ട്, നെലമംഗല, ദൊഡ്ഡബെല്ലാപുര, ഭദ്രാവതി, ദേവനഹള്ളി, എന്നിവിടങ്ങളിൽ ഭൂഗർഭ ഓവുചാൽ സംവിധാനം നടപ്പാക്കും. നഗരപ്രദേശങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 100-പാർക്കുകൾ നിർമിക്കും.
2026ൽ 41-കിലോമീറ്റർ കൂടി മെട്രോ ലൈനുകൾ നടപ്പാക്കും. ഇത് 15-ലക്ഷത്തോളം യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സിൽക്ക് ബോർഡ് ജങ്ഷൻ മുതൽ കെ.ആർ. പുരം മെട്രോ സ്റ്റേഷൻ വരെയുള്ള ഔട്ടർ റിങ് റോഡ് 450-കോടി രൂപ ചെലവിട്ട് ആഗോള നിലവാരമുള്ള ഒരു ഇടനാഴിയാക്കി വികസിപ്പിക്കും. ആനേക്കലിൽ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കും. 80,000-പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയമാണ് നിർമിക്കുക. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നെലമംഗല -തവരെക്കരെ -ബിഡദി ഇൻ്റർമീഡിയറ്റ് റിങ് റോഡ് നിർമിക്കും. എ.ഐ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നിർമാണത്തിനുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കും.
കർണാടകയിലെ ഏഴ് ആഭ്യന്തര വിമാനത്താവളങ്ങളുടെ വികസനത്തിനായി 200-കോടി രൂപ വകയിരുത്തി.
ഔട്ടർ റിങ് റോഡിൽ കാൽനടയാത്രക്കാർക്കായി ഒൻപത് കിലോമീറ്റർ നടപ്പാത നിർമിക്കും. 600-കോടി രൂപ വിനിയോഗിച്ച് സംസ്ഥാനത്തെ റെയിൽവേ റൂട്ടുകൾ വികസിപ്പിക്കും. ബെംഗളൂരു നഗരത്തിൽ രണ്ട് വിദ്യാർഥി ഇന്ദിരാ കാന്റീനുകൾ ആരംഭിക്കും.
5,000-കോടി ചെലവിട്ട് സംസ്ഥാന ഹൈവേയുടെ 1,846 കിലോമീറ്റർ റോഡിൻ്റെ വികസന പ്രവൃത്തി ഉടൻ ആരംഭിക്കും. ബൈയപ്പനഹള്ളി – ഹൊസൂർ, യശ്വന്ത്പുർ – ചന്നസാന്ദ്ര പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി 100-കോടി രൂപ വകയിരുത്തും. ദാവണഗെരെയിൽ പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി രൂപ ചെലവഴിക്കും.