ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം നിലനിൽക്കെ ഇസ്രായേൽ സൈനിക താവളത്തിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം.ഇസ്രായേലിന്റെ സൈനിക താവളം ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണം നടത്തിയതായി ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള അറിയിച്ചു. ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ പ്രതിരോധ താവളം ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അതിശക്തമായ ആക്രമണമാണ് മേഖലയിൽ നടത്തിയത്.ഹിസ്ബുള്ള കൂടി ആക്രമണം കടുപ്പിച്ചത് പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്.
ഇസ്രായേൽ സൈന്യവും ഗോലാൻ കുന്നുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് മറുപടിയായി തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ശക്തമായ ബോംബാക്രമണം നടത്തി. സിറിയയുമായി അതിർത്തി പങ്കിടുന്ന ഗോലാൻ കുന്നുകളിൽ ഇസ്രയേൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ലെബനനിലും ഗാസയിലും ഇസ്രായേൽ തുടരുന്ന സൈനിക നടപടികൾക്കും തങ്ങളുടെ കമാൻഡർമാരെ വധിച്ചതിനും പകരമായാണ് ഈ ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.