പാകിസ്താനിലെ കറാച്ചിയിൽ യുഎസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഖമനയിയുടെ ചിത്രമടക്കം ഉയർത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് കോമ്പൗണ്ടിലേക്ക് ഇരച്ചെത്തി ജനൽ ചില്ലുകളടക്കം അടിച്ചു തകർത്തു. അതിനുശേഷം കെട്ടിടത്തിന് തീയിട്ടു. സുരക്ഷാ സേന പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ടെഹ്‌റാനിലുണ്ടായ ഇസ്രയേൽ- അമേരിക്കൻ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പാകിസ്താൻ മാധ്യമായ ഡോൺ റിപ്പോർട്ട് ചെയ്തു. പരിസരത്ത് പൊലീസ് സേനയെ വിന്യസിച്ചതായും യുഎസ് കോൺസുലേറ്റ് പരിസരത്തെ റോഡുകളെല്ലാം ബാരിക്കേഡ് വെച്ച് സുരക്ഷയൊരുക്കിയതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Posts