മലയാളത്തിലെ പ്രമുഖ പ്രസാധകരായ പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച എം. എൻ. ആർ. നായർ രചിച്ച “ദൈവനീതി” നോവലിൻ്റെ പ്രകാശനം ബാംഗ്ലൂർ ഇൻഫൻട്രി റോഡിലുള്ള ആശ്രയ ഇന്റർനാഷണൽ ഹോട്ടലിൽ നടന്നു.
പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രമ പ്രസന്ന പിഷാരടി ഒരുക്കിയ കവിയരങ്ങ് പി. ഗോപകുമാർ (ഐ.ആർ.എസ്) കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു.
കവിയരങ്ങിൽ ബെംഗളൂരുവിലെ അറിയപ്പെടുന്ന കവികളായ ഡോ. വിനോദ് ടി. പി., ഡോ. സുധ കെ. കെ., ഉണ്ണികൃഷ്ണൻ അരിക്കത്ത്, ശിവകുമാർ എസ്., സിന കെ. എസ്., രമ പ്രസന്ന പിഷാരടി എന്നിവർ സ്വന്തം കവിതകൾ ആലപിച്ചു. ശ്രീദേവി ഗോപാൽ രചിച്ച് ഈണം നൽകിയ സ്വാഗതഗാനം സദസ്സിൻ്റെ പ്രത്യേക ശ്രദ്ധ നേടി. സുരഭിലം ഗ്ലോബൽ കോർഡിനേറ്റർ ഡോ. സുഷമ ശങ്കർ സ്വാഗതവും സുരഭിലം കൺവീനർ എസ്. കെ. നായർ നന്ദിയും രേഖപ്പെടുത്തി.
കേന്ദ്ര സാഹിത്യ അക്കാദമി–കർണാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്ത് സംസാരിച്ചു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് & ആർടിസ്റ്റ് ഫോറം ട്രഷറർ അർച്ചന സുനിൽ ആദ്യപ്രതി ഏറ്റുവാങ്ങി. സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു.
ആർ. വി. ആചാരി ആമുഖഭാഷണവും കെ. ആർ. കിഷോർ പുസ്തകപരിചവും നടത്തി. തുടർന്ന് കവിത കെ., ടി. എം. ശ്രീധരൻ, ബ്രിജി കെ. ടി., ഡോ. പ്രേംരാജ്, ഡോ. രാജൻ എം. പി., ചന്ദ്രശേഖരൻ നായർ, കലിസ്റ്റസ് എന്നിവർ രചയിതാവിനെ അനുമോദിച്ചു സംസാരിച്ചു.
ആലങ്കോട് ലീലാകൃഷ്ണൻ രചയിതാവിന് ആശംസകൾ നേർന്ന് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ മാധുര്യം നിറഞ്ഞ പ്രഭാഷണം നടത്തി.
ദൈവനീതി ഒരു പരീക്ഷണാത്മക കൃതിയാണ് — ഒരു റിവേഴ്സ് ഡിറ്റക്ടീവ് നോവൽ. ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ നെയ്തെടുത്തിരുന്ന ഒരു യുവതി നിഷ്ഠൂരമായി കൊല്ലപ്പെടുന്നു. യഥാർത്ഥ കുറ്റവാളികളെ നോവലിസ്റ്റ് വെളിപ്പെടുത്തുന്നുവെങ്കിലും അന്വേഷണത്തിലും കേസിൻ്റെ വിചാരണയിലും ശിക്ഷിക്കപ്പെടുന്നത് ഒരു നിരപരാധിയാണ്; യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുന്നു. തുടർന്ന് സംഭവിക്കുന്ന ദൈവീക ഇടപെടലാണ് നോവലിൻ്റെ കേന്ദ്രീയ വിഷയം.
ആഖ്യാനരീതിയിലും കഥാപരിസരങ്ങളുടെ സവിശേഷ അവതരണത്തിലും മികവ് പുലർത്തുന്ന ഈ കൃതി പേപ്പർ പബ്ലിക്കയിൽ നിന്ന് നേരിട്ട് ലഭ്യമാണ്. (ബന്ധപ്പെടുക: അൻസാർ വർണ – 9539008692).
നിറഞ്ഞ സദസ്സിൽ പ്രശംസകൾ ഏറ്റുവാങ്ങിയ ദൈവനീതി ഇതിനകം തന്നെ കാക്കനാടൻ കലോത്സവത്തോടനുബന്ധിച്ചുള്ള ‘ജനപ്രിയ നോവൽ’ അവാർഡിനും അർഹമായി.