എക്സൈസ് മന്ത്രി ആർ.ബി. തിമ്മാപുരയുടെ രാജിയാവശ്യപ്പെട്ട് ജെ.ഡി.എസ്-ബി.ജെ.പി. അംഗങ്ങൾ നിയമസഭയിൽ ഉയർത്തിയ പ്രതിഷേധം തുടർന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധ സൂചകമായി സഭയിലാണ് അംഗങ്ങൾ ഉറങ്ങിയത്. ഇന്നലെ സഭയുടെ നടുത്തളത്തിലിറങ്ങി മന്ത്രിക്കെതിരേ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി.
എക്സൈസ് ലൈസൻസ് നൽകുന്നതിൽ 6000 കോടി രൂപയുടെ അഴിമതി നടക്കുന്നതായി വൈൻ മർച്ചൻ്റ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇതോടെയാണ് മന്ത്രിക്കെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. മന്ത്രിയുടെ മകനും അഴിമതിയിൽ പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും അസോസിയേഷൻ അഴിമതിയാരോപണമുന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില ഓഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയും ലോകായുക്തയ്ക്ക് പരാതി നൽകുകയും ചെയ്തു. മന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആവശ്യപ്പെട്ടു.