പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും മോദി പ്രഖ്യാപിക്കും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബിന്റെ തറക്കല്ലിടിലും അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും.
പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടി. കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി പരിപാടിയിലും പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് പാർട്ടി തീരുമാനം.