ലോകസഭയിൽ എംപിമാർക്ക് മാതൃഭാഷയിൽ സംസാരിക്കാം. 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോകസഭ സ്പീക്കർ ഓം ബിർല പറഞ്ഞു. അതത് ദിവസം അര മണിക്കൂറിനകം എംപിമാർക്ക് ലോകസഭാനടപടികൾ അവരുടെ വാട്സാപ്പിൽ ലഭ്യമാക്കും. നിർമ്മിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ ഫലപ്രദമാക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
എംപിമാർ അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ ജനങ്ങളുടെ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകുമെന്നും ഇതുവഴി ജനാധിപത്യം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ വൈവിധ്യമാർന്ന ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാർലമെന്റ് ലോകത്തിനുതന്നെ മാതൃകയാകും, സ്പീക്കർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി 1 ന് ഞായറാഴ്ച ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. ചരിത്രത്തിലാദ്യമായാണ് കേന്ദ്രബജറ്റ് അവധിദിവസമെന്നതു നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സഭ തയ്യാറായതെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 22 ഭാഷകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വിവർത്തന സംവിധാനം ആരംഭിച്ചത് ഇന്ത്യൻ പാർലമെന്റിനെ ലോകത്തുതന്നെ സവിശേഷമാക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു.