ബെംഗളൂരു സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു ബാംഗ്ലൂർ നിവാസികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ൽ ആണ് ഇതിനു തറക്കല്ലിട്ടത്. 148 കിലോമീറ്റർ ദൂരം വരുന്ന 4 ഇടനാഴികളിൽ 2 ഇടനാഴികളുടെ നിർമ്മാണ പ്രവൃത്തികളാണു ഇപ്പോൾ പുരോഗമിക്കുന്നത്.
2027ൽ 4 ഇടനാഴികളുടെയും നിർമാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്നതെങ്കിലും ജോലികൾ ഉദ്ദേശിച്ച വേഗം കൈവരിച്ചില്ല. ആദ്യ ഇടനാഴിയുടെ നിർമ്മാണം ഇക്കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ നീണ്ടുപോയത് നിർമ്മാണത്തെ ബാധിച്ചു. പദ്ധതിയുടെ നിർമ്മാണ ചിലവ് ഏകദേശം 15,767 കോടിരൂപയാണ്. 20% കേന്ദ്രവും 20% സംസ്‌ഥാന സർക്കാരും ബാക്കിയുള്ള 60% മറ്റു ഏജൻസികളിൽ നിന്നുമാണു തുക കണ്ടെത്തുക.