മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി 100 ഏക്കർ വിസ്തൃതിയിൽ അക്വാ പാർക്ക് സ്ഥാപിക്കും. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം എന്നിവയുടെ സംയുക്ത ആശയത്തിൻ്റെ ഭാഗമാണ് അക്വാ പാർക്ക്. മത്സ്യവിത്ത് ഉൽപാദനം, മത്സ്യങ്ങളുടെ തീറ്റ എന്നിവ മുതൽ സംസ്കരണം, വിപണനം വരെയുള്ള മത്സ്യബന്ധന മേഖലയിലെ ഓരോ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
മാണ്ഡ്യയിലെ മലവള്ളി, ഉഡുപ്പിയിലെ ബൈനൂർ, ബിജാപുരിലെ അൽമാട്ടി എന്നീ മൂന്ന് സ്ഥലങ്ങളാണ് പദ്ധതിക്കായി കണ്ടെത്തിയത്. മലവള്ളിയിൽ ഏകദേശം 75 ഏക്കർ ഭൂമി കണ്ടെത്തി റവന്യൂ വകുപ്പിന് അപേക്ഷ അയച്ചിട്ടുണ്ട്. 100 ഏക്കർ ലഭിക്കുകയാണെങ്കിൽ കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കുന്നതിന് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുമെന്ന് കർണാടക ഫിഷറീസ് വകുപ്പ് ഡയറക്ടർ ദിനേശ് കുമാർ കല്ലർ പറഞ്ഞു.
സംഭരണ സൗകര്യങ്ങൾ, സ്പോർട്സ് ഫിഷിങ് എന്നിവയുൾപ്പെടെ സൗകര്യങ്ങൾ പാർക്കിൽ ഉണ്ടായിരിക്കും. അക്വാ പാർക്കിൽ വിപുലമായ മാർക്കറ്റ്, മത്സ്യ വിത്ത് ഉൽപാദനം, മത്സ്യഭക്ഷണ കൃഷി, മത്സ്യവിത്ത് വികസനം, മത്സ്യകൃഷി, സ്പോർട്സ് ഫിഷിങ്, ശിതീകരണ സംസ്കരണ യൂനിറ്റുകൾ, മത്സ്യ ഗതാഗത സൗകര്യങ്ങൾ, അക്വേറിയങ്ങൾക്കുള്ള അലങ്കാര മത്സ്യങ്ങൾ തുടങ്ങിയ ഒമ്പത് പ്രധാന സൗകര്യങ്ങൾ ഉൾപ്പെടും.