മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ. അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്. ബെംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മകളെ കഴുത്തിനുപിന്നിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാവിലെ രണ്ടുപേരും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. ഇവിടെവച്ച് സരോജമ്മ മകളെ പിന്നിൽനിന്ന് കഴുത്തിനു വെട്ടുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയവർ, കഴുത്തിനുപിന്നിൽ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മകളെ നരബലിനൽകാൻ സരോജമ്മ തീരുമാനിച്ചതെന്നാണ് സംശയം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. രേഖ ഭർത്താവുമായി സ്ഥിരം വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽവന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു.