പ്രശസ്ത കലാസംവിധായകൻ തോട്ടാതരണിയെ ഫ്രഞ്ച് ഗവൺമെന്റ്റിൻ്റെ ഷെവലിയർ പുരസ്കാരത്തിനു തിരഞ്ഞെടുത്തു. കലാരംഗത്തെ മികച്ച സംഭാവനകൾ മാനിച്ച് നൽകിവരുന്ന പുരസ്കാരം ഫ്രാൻസിൻ്റെ ഉന്നതമായ സാംസ്കാരിക അംഗീകാരങ്ങളിൽ ഒന്നാണ്.
ഇന്ത്യൻ സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ അവതരിപ്പിച്ചതിനുള്ള അംഗീകാരമായാണ് തോട്ടാതരണിക്ക് പുരസ്കാരം നൽകുന്നതെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറോളം സിനിമകൾക്ക് തോട്ടാതരണി കലാസംവിധായകനായിട്ടുണ്ട്. മലയാളത്തിൽ അഭിമന്യു, മിസ്റ്റർ ബട്ട്ലർ തുടങ്ങിയ സിനിമകളുടെയും തമിഴിൽ നായകൻ, ദളപതി, റോജ, അപൂർവ സഹോദരങ്ങൾ, അഞ്ജലി തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായിരുന്നു. നേരത്തെ സത്യജിത് റേ, ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ഷാരൂഖ് ഖാൻ തുടങ്ങിയവർക്ക് ഷെവലിയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്ന് ചെന്നൈയിലെ അലയൻസ് ഫ്രാൻസൈസിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് അംബാസഡർ തിയറി മാത്യു തരണിക്ക് പുരസ്കാരം സമ്മാനിക്കും.