ചെങ്കോട്ട സ്ഫോടനത്തിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ഉമറിൻ്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്ന സൂചന പുറത്തുവന്നിരുന്നു.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.