മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമാണ് അന്തിമമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ചില നേതാക്കൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർ ചോദിച്ചതിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന വേളയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വേണ്ടി ഒഴിയുമെന്ന അഭ്യൂഹത്തിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിയില്ലെങ്കിലും ഈ മാസം അവസാനമോ അടുത്ത മാസമോ കർണാടക മന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും.
ബിഹാർ തിരഞ്ഞെടുപ്പിനുശേഷം ഡൽഹിയിൽ പോയി നേതാക്കളെ കാണുമെന്നും മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അപ്പോൾ ചർച്ച ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് സോണിയാഗാന്ധിയോ രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖാർഗെയോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച സിദ്ധരാമയ്യ, മറ്റാർക്കും എന്തും പറയാമെന്നും എന്നാൽ, അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.