ബെംഗളൂരു നമ്മ മെട്രോയുടെ പിങ്ക് ലൈനിൽ അടുത്തവർഷം മേയിൽ സർവീസ് ആരംഭിക്കും. നമ്മ മെട്രോയുടെ നാലാമത്തെ പാതയാണ് പിങ്ക് ലൈൻ. പൾപ്പിൾ, യെല്ലോ, ഗ്രീൻ എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്ന പാതകൾ. 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ താവരകരെ മുതൽ കാലേന അഗ്രഹാരം വരെ 7.5 കിലോമീറ്റർ പാതയിലാകും മേയിൽ തീവണ്ടി ഓടിത്തുടങ്ങുക.
പിങ്ക് ലൈനിൽ സർവ്വീസ് ആരംഭിക്കുന്നതോടെ ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. ഇത് പൂർണമായും ആകാശപാതയാണ്. ബാക്കിയുള്ള 13.76 കിലോമീറ്റർ തുരങ്കപാത അടുത്തവർഷം ഡിസംബറിൽ സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലേന അഗ്രഹാരം മുതൽ നാഗവാര വരെ 18 സ്റ്റേഷനുകൾ പിങ്ക് ലൈനിലുണ്ട്. ബെംഗളൂരു നഗരത്തിൻ്റെ തെക്ക്-വടക്ക് ഭാഗങ്ങളെ യോജിപ്പിക്കുന്നതാണ് ഈ പാത. പോട്ടറി ടൗൺ, ശിവാജിനഗർ, കണ്ടോൺമെൻ്റ്, എംജിറോഡ് തുടങ്ങി ഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നത്. നിലവിൽ സർവീസ് നടത്തുന്ന പൾപ്പിൾ ലൈൻ (എംജിറോഡ്) , യെല്ലോ ലൈൻ (ജയദേവ ആശുപത്രി) പാതകളുമായി ചേരുന്ന ഭാഗവും പിങ്ക് ലൈനിലുണ്ട്.
കാലേന അഗ്രഹാരം മുതൽ നാഗവാര വരെയുള്ള പിങ്ക് പാതയുടെ നിർമാണം 2020-ൽ പൂർത്തിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ജോലികൾ വൈകുകയായിരുന്നു. ഈ വർഷം ഡിസംബറിൽ കമ്മിഷനിങ് നടത്തുന്നതിന് പദ്ധതിയിട്ടിരുന്നു. അതിനുശേഷം മാർച്ചിലേക്ക്് നീട്ടി. എന്നാൽ മാർച്ചിലും നടക്കില്ലെന്നും മേയിൽ സർവീസ് ആരംഭിക്കുമെന്നുമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
മേയിൽ പ്രവർത്തനക്ഷമമാകുന്ന താവരകരെ മുതൽ കാലേന അഗ്രഹാരം വരെ 7.5 കിലോ മീറ്റർ ദൈർഘ്യമുള്ള ആകാശപാതയിലെ സിവിൽ പണികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. തുരങ്കപാതയുടെ നിർമാണം പുരോഗമിക്കുകയാണ്. നമ്മ മെട്രോയിൽ ഏറ്റവും കൂടുതൽ തുരങ്കപാതയുള്ളത് പിങ്ക് ലൈനിലാണ്. ഇതിൽ വെള്ളറ ജംങ്ഷനും ശിവാജിനഗറിനും ഇടയിലുള്ള 2.2 കിലോ മീറ്റർ തുരങ്കപാതയുടെ നിർമാണം സാവധാനത്തിലാണ് നടന്നത്. തുരങ്കപാത നിർമാണം വൈകാനുള്ള കാരണവും ഇതാണ്.