ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർണാടക ഗവർണർ താവർചന്ദ് ഗഫ്ലോതിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. തിങ്കളാഴ്‌ചയാണ് ഗവർണറെ പനിയും പുറംവേദനയും ബാധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഗവർണർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മന്ത്രിമാരായ എം.സി. സുധാകർ, ബൈരതി സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മധ്യപ്രദേശിൽ ഒട്ടേറെ പരിപാടികൾ സംബന്ധിച്ചശേഷം രാജ്‌ഭവനിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് നേരിയ പനിയും പുറംവേദനയും ബാധിച്ചിരുന്നു. ഇന്ന് ഗവർണർ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രപതിവൃത്തങ്ങൾ പറഞ്ഞു.