കരൂരില്‍ സെപ്തംബർ 27ന് തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം സംബന്ധിച്ച രാഷ്ട്രീയ വാഗ്വാദം നിയമസഭയിൽ. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണ് ദുരന്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയില്‍ കുറ്റപ്പെടുത്തി. പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സ്റ്റാലിൻ ആരോപിച്ചു.
മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയാണ് പ്രതീക്ഷിക്കുന്നതെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിജയ് ഉച്ചയ്ക്ക് 12 മണിയോടെ വേദിയില്‍ എത്തുമെന്ന് പാർട്ടി അറിയിച്ചതോടെ പൊലീസിന് സുരക്ഷാ ക്രമീകരണങ്ങള്‍ മാറ്റേണ്ടി വന്നു.

വിജയ് എത്തിയത് ഏഴ് മണിക്കൂർ വൈകിയാണ്. ഇത് ആളുകളുടെ തിരക്ക് വർദ്ധിപ്പിക്കുകയും നടൻ സഞ്ചരിച്ച ബസ് പോലും മുന്നോട്ട് പോകാനാകാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നും സ്റ്റാലിൻ പറഞ്ഞു. ഇതായിരുന്നു തിക്കുംതിരക്കിനും പ്രധാന കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ടിവികെ സംഘാടകരെയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. സ്ത്രീകള്‍ക്കായി മതിയായ ശുചിമുറികള്‍, കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ടിവികെ പരാജയപ്പെട്ടു. കൂടാതെ പരിക്കേറ്റവരെ സഹായിക്കാൻ ശ്രമിച്ച രണ്ട് ആംബുലൻസ് ഡ്രൈവർമാരെ ടിവികെ പ്രവർത്തകർ ആക്രമിച്ചുവെന്നും സ്റ്റാലിൻ ആരോപിച്ചു. വൈദ്യുതി വിതരണം നിർത്തിയത് കൂടുതല്‍ പ്രശ്നമുണ്ടാക്കിയെന്ന ടിവികെയുടെ ആരോപണം മുഖ്യമന്ത്രി തള്ളി. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത് നിർത്തിവയ്ക്കുകയായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

Related Posts