മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘമായ സാഹിത്യ ചര്‍ച്ചാവേദി പ്രഖ്യാപിച്ച രണ്ടാമത് ഇ ഐ എസ് തിലകന് സ്മാരക കവിതപുരസ്കാരത്തിന് ബംഗളൂര് നിവാസിയായ രമ പ്രസന്ന പിഷാരടിയുടെ ‘ശ്വാസം’ എന്ന കവിത അര്‍ഹമായി. മുംബൈയുടെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലെ നിറതേജസ്സായിരുന്ന ഇ ഐ എസ് തിലകൻ്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാര നിര്‍ണ്ണയത്തിനു ലഭിച്ച അമ്പതോളം കവിതകളില്‍ നിന്നാണ് വിധികര്‍ത്താക്കള്‍ ‘ശ്വാസം’ എന്ന കവിത തിരഞ്ഞെടുത്തത്. 2024 ലെ പുരസ്കാരം ഹൈദരാബാദിലെ ജി അനില്‍കുമാറിനാണ് സമര്‍പ്പിച്ചത്. കഥകളി നടനായ രാമ പിഷാരടിയുടെ മകളായ രമ, കുടുംബത്തോടൊപ്പം ബംഗളൂരില്‍ സ്ഥിരതാമസ്സമാണ്. കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 നവംബര്‍ 01, 02 തീയതികളില്‍ മുംബൈയില്‍, എന്‍ ബി സി സി കോപ്പര്‍ഖൈര്‍ണെ സമാജം ഹാളില്‍ നടക്കുന്ന സാഹിത്യ സഹവാസ ക്യാമ്പില്‍ വച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ തുളസി മണിയാര്‍ അറിയിച്ചു. ചടങ്ങില്‍ എഴുത്തുകാരായ അനിത തമ്പി, അന്‍വര്‍ അലി, ഡോ. മിനി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.