ലഡാക്ക് സംഘർഷത്തിൽ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ രാജസ്ഥാനിൽ ജോധ്‌പൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ത്രിതല സുരക്ഷ ഏർപ്പെടുത്തിരിക്കുന്ന ജയിലാണിത്. സിസിടിവി ക്യാമറകളാൽ ചുറ്റപ്പെട്ട സോളിറ്ററി സെല്ലിലാണ് വാങ്‌ചുക് ഉള്ളതെന്നാണ് വിവരം. ഇന്നലെ അറസ്റ്റിലായ ഉടൻ വാങ് ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
അനുയായികളുടെ പ്രതിഷേധവും തുടർന്നുണ്ടായേക്കാവുന്ന അക്രമസംഭവങ്ങളും ഒഴിവാക്കാണ് അദ്ദേഹത്തെ ജോധ്പൂരിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്. നിലവിൽ 1,400 തടവുകാരാണ് ഈ ജയിലിലുള്ളത്. കനത്ത സുരക്ഷയിൽ പ്രത്യേക വിമാനത്തിലാണ് വാങ്ചുക്കിനെ രാജസ്ഥാനിൽ എത്തിച്ചത്.
അതിനിടെ, ഇന്നുരാവിലെ വിജയ്‌പാൽ എന്നയാൾ വാങ്ചുക്കിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ജയിലിനുമുന്നിൽ നിരാഹാരം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ജയിലിനു മുന്നിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചാൽ നിരാഹാരം നടത്തുമെന്നായിരുന്നു അയാളുടെ ഭീഷണി. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നപടികളും അധികൃതർ സ്വീകരിച്ചു.