ജിഎസ്ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു. സൈക്കിൾ നിർമ്മാതാക്കളും ഇൻഷുറൻസ് രംഗത്തുള്ളവരും വസ്ത്ര മേഖലയിലുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നത് യോഗം ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്. നാളെ ആണ് വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുള്ളത്. 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സൈക്കിളിന്‍റെ ജിഎസ്ടി കുറച്ചിരുന്നു.
എന്നാൽ സൈക്കിൾ നിർമ്മാതാക്കൾ പറയുന്നത് നിർമ്മാണ വസ്തുക്കളുടെ ജിഎസ്‌ടിയിൽ കുറവില്ലെന്നാണ്. 2500 രൂപയ്ക്ക് മുകളിൽ ഉള്ള വസ്ത്രങ്ങൾ ആണെങ്കിൽ 18 ശതമാനവും അതിന് താഴെയാണെങ്കിൽ 5 ശതമാനം ജിഎസ്ടി എന്നുമാണ് പരിഷ്‌കരിച്ചിരിക്കുന്നത്. എന്നാൽ വസ്ത്ര നിർമ്മാണത്തിനുള്ള ഫാബ്രിക്കിന് 5 ശതമാനമാണ് ജിഎസ്‌ടി ഇത് സാങ്കേതിക തടസങ്ങൾ ഉണ്ടാക്കും എന്നാണ് വസ്ത്ര വ്യാപാരികൾ പറയുന്നത്.