രാജ്യത്ത് സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്. ജി.എസ്.ടി (ചരക്കു സേവന നികുതി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ചു. എല്ലാ മരുന്നുകളുടെയും ജി.എസ്.ടി ഇതോടെ 5 ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും.
സ്ലാബുകൾ കുറയ്ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം, ഹിമാചൽപ്രദേശ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്നാട്, ജമ്മുകാശ്മീർ, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉന്നയിച്ചു.
നിലവിലുള്ള 12%, 28% സ്ലാബുകൾ നിറുത്തലാക്കി 5%, 18% നിരക്കുകൾ തുടരാനാണ് തീരുമാനം. 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 5 ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനവുമാകും.
ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ, ആഡംബര ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 % ജി.എസ്.ടി ഏർപ്പെടുത്തുകയും ചെയ്യും. ഇതോടെ ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാമെന്നും യു എസിൻ്റെ 50% ഇറക്കുമതി തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നും സർക്കാർ കരുതുന്നു.
മരുന്നുകൾ, ബാൻഡേജ്, ഗ്ലൂക്കോമീറ്റർ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഹോട്ടൽ അക്കോമഡേഷൻ സർവീസസ്, സലൂൺ, ജിം, യോഗ സെൻ്റർ, പാക്കേജ്ഡ് ഭുജിയ, സോസ്, പാസ്ത, ഇൻസ്റ്റന്റ് നൂഡിൽസ്, ബട്ടർ, നെയ്യ്, ശീതികരിച്ച മാംസം, കോൺഫ്ലേക്സ്, ചോക്കേറ്റ് കോഫി, ട്രാക്ടർ, കൃഷിക്കുള മെഷീനുകൾ തുടങ്ങിയവ 5 ശതമാനത്തിലേക്ക് മാറുന്നവയാണ്.