ഇന്ത്യയോട് യുഎസ് എന്തുചെയ്യണമെന്ന് നിർദേശിക്കുന്നത്, എലി ആനയെ ഇടിക്കുന്നത് പോലെയാണെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്‌ധൻ വൊൾഫ് പറഞ്ഞു.യുഎസിൻ്റെ ഇന്ത്യയോടുള്ള പെരുമാറ്റം ചട്ടമ്പിയെ പോലെയാണെന്നും റിച്ചാർഡ് വൊൾഫ് പറഞ്ഞു. യുഎസ്, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മുന്നിൽ വാതിൽ അടച്ചാൽ ഇന്ത്യ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മറ്റ് വിപണികൾ കണ്ടെത്തും. ഇത് ബ്രിക്സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. യുഎസിൻ്റെ ഇത്തരം നടപടികൾ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരായ സാമ്പത്തിക ബദലായി മാറാൻ ബ്രിക്‌സിന് സഹായകമാകും. അമേരിക്കൻ താൽപര്യങ്ങളേത്തന്നെയാണ് ഇത് ദോഷകരമായി ബാധിക്കുകയെന്നും അന്താരാഷ്ട്ര മാധ്യമമായ റഷ്യാടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

റഷ്യ അവരുടെ ഊർജോൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും മറ്റിടങ്ങൾ കണ്ടെത്തിയതുപോലെ ഇന്ത്യ യുഎസിലേക്കുള്ള കയറ്റുമതി അവസാനിപ്പിച്ച് ബ്രിക്സ് രാജ്യങ്ങളിലേക്ക് തിരിയും – വൊൾഫ് പറഞ്ഞു. റഷ്യ, ചൈന, ഇന്ത്യ, ബ്രിക്‌സ് എന്നിവ പരിഗണിച്ചാൽ ഈ രാജ്യങ്ങളുടെ ഉത്പാദനം ലോകത്തിൻ്റെ ആകെ ഉത്പാദനത്തിൻ്റെ 35 ശതമാനമാണ്. അമേരിക്ക ഉൾപ്പെട്ട പടിഞ്ഞാറൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 രാജ്യങ്ങളുടേത് 28 ശതമാനമാണെന്നും വൊൾഫ് പറഞ്ഞു. ബ്രിക്സ് കൂട്ടായ്‌മയെ ട്രംപിൻ്റെ താരിഫ് നീക്കം പരിപോഷിപ്പിക്കുകയാണെന്നും അമേരിക്കൻ മാർക്സിയൻ സാമ്പത്തിക വിദഗ്‌ധനായ വൊൾഫ് കൂട്ടിച്ചേർത്തു.

Related Posts