മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംപിയും സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സുരവരം സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. തെലങ്കാനയിലെ മഹബൂബ് നഗറില്‍ ജനിച്ച സുരവരം സുധാകര്‍ റെഡ്ഡി, വിദ്യാര്‍ഥി രാഷ്ട്രീയത്തിൽ നിന്നാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ആന്ധ്രായിലെ നല്‍ഗൊണ്ട മണ്ഡലത്തില്‍ നിന്ന് (1998-ലും 2004-ലും) അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹത്തിൻ്റെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവായിരുന്ന അദ്ദേഹം പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ ലേബര്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സാമൂഹിക സുരക്ഷ, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി സജീവമായി പ്രവര്‍ത്തിച്ച നേതാവാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യയിലും തെലങ്കാനയിലും വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു സുധാകര്‍ റെഡ്ഡി. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ഒരുമിച്ചു ചേർത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.

Related Posts