നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്ത 3 ദിവസത്തേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ എ പോളാണ് ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയിൽ സമ‌ർപ്പിച്ചത്. വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പിലാക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കെ എ പോൾ കോടതിയെ അറിയിച്ചു.

നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് കോടതിയെ സമീപിച്ചതെന്നാണ് കെ എ പോൾ വ്യക്തമാക്കുന്നത്. 3 ആവശ്യങ്ങളാണ് ഹർജിയിൽ പറയുന്നത്. 3 ദിവസത്തേക്ക് നിമിഷപ്രിയയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ മാധ്യമങ്ങൾ നൽകുന്നത് വിലക്കണം, കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും നിമിഷപ്രിയ ആക്ഷൻ കൗൺസിലിൻ്റെ ലീഗൽ അഡ്വവൈസറായ സുഭാഷ് ചന്ദ്രനും നടത്തുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹർജി പരിഗണിച്ച സുപ്രീംകോടതി അറ്റോർണി ജനറലിന് നോട്ടീസ് അയച്ചു. കേസ് 25ന് കേൾക്കാമെന്നാണ് കോടതി അറിയിച്ചത്. അന്നുതന്നെ ഉത്തരവ് നൽകാമെന്നും കോടതി അറിയിച്ചു. വർഷങ്ങളായി താൻ യമനിൽ പ്രവർത്തിക്കുന്നയാളാണെന്ന് കെ എ പോൾ പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെ എ പോൾ നേരത്തെ പിരിവ് നടത്തിയിരുന്നു. വിദേശകാര്യമന്ത്രാലയം ഇത് തടഞ്ഞിരുന്നു.

യമനിൽ നിമിഷപ്രിയ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ 2017 ജൂലായ് 25ന് സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്. അമിത ഡോസ് മരുന്നു തലാലിന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.

Related Posts