പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് കോടതിയിൽ. പ്രസിഡണ്ട് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിൻ്റെ പത്രികയാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയത്.
പത്രിക തള്ളിയതിനെ സാന്ദ്ര തോമസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും വാക്കേറ്റവും ബഹളവും ഉണ്ടായി. തന്നോട് കാണിച്ചത് അനീതിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര പ്രതികരിച്ചു. ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്.
പ്രസിഡണ്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറർ സ്ഥാനത്തേക്കുള്ള പത്രിക പരിഗണിക്കുന്നതിനിടയിലാണ് വാക്കുതർക്കം ഉണ്ടായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സാന്ദ്ര തോമസ് കഴിഞ്ഞ ദിവസമാണ് നാമനിർദേശ പത്രിക നൽകിയത്. സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഒമ്പത് സിനിമകൾ നിർമ്മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറിൽ രണ്ടു സിനിമകളും നിർമ്മിച്ചെന്നും സാന്ദ്ര വരണാധികാരികൾക്ക് മുന്നിൽ വ്യക്തമാക്കുകയുണ്ടായി.