ഹോസ്റ്റല്‍മുറിയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പുരിലെ പസഫിക് ഡെന്‍റല്‍ കോളേജിലെ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി വിദ്യാര്‍ഥിനിയും കശ്മീര്‍ സ്വദേശിനിയുമായ ശ്വേത സിങ്(25) ആണ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ശ്വേതയ്‌ക്കൊപ്പം താമസിക്കുന്ന മറ്റൊരു വിദ്യാര്‍ഥിനി രാത്രി മുറിയിലെത്തിയപ്പോഴാണ് ശ്വേതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ അധികൃതരെയും പോലീസിനെയും ഉടന്‍തന്നെ വിവരമറിയിക്കുകയായിരുന്നു. മുറിയില്‍ നിന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

അധ്യാപകരുടെ മാനസികപീഡനവും കോളേജിൽ യഥാസമയം പരീക്ഷകൾ നടത്താത്തതിന്‍റെയും കാരണം താൻ ജീവനൊടുക്കുകയാണെന്നാണ് വിദ്യാർത്ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭഗവത് സർ, നൈനി മാഡം എന്നീ അധ്യാപകരുടെ പേരുകളും വിദ്യാർഥിനി കുറിച്ചിരുന്നു.

വെള്ളിയാഴ്‌ച കോളേജിൽ ശ്വേതയുടെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. പരീക്ഷകൾ വൈകുന്നതും അധ്യാപകരുടെ മാനസികപീഡനവും കോളേജിൽ നിത്യസംഭവമാണെന്നും ഹാജർ കുറഞ്ഞതിന്‍റെ പേരിലടക്കം പണം പിരിക്കുന്നത് പതിവാണെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ശ്വേതയുടെ ബാച്ചിലുള്ളവർ ഇപ്പോൾ ഇന്‍റേൺഷിപ്പ് ചെയ്യേണ്ട സമയമായിരുന്നു.

ഇതെല്ലാം ഇവരുടെ പരീക്ഷകൾ വൈകിയതുകാരണമാണ് നീണ്ടുപോയതെന്നും വിദ്യാർഥികൾ ആരോപിച്ചു. ശ്വേതയുടെ കുറിപ്പിൽ പരാമർശിക്കുന്ന അധ്യാപകരെ പുറത്താക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇവരെ പുറത്താക്കുമെന്നും ഈ അധ്യാപകർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും കോളേജ് ഡയറക്‌ടർ വിദ്യാർഥികൾക്ക് ഉറപ്പുനൽകി.

അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടപടികൾ സ്വീകരിക്കുമെന്നും സംഭവത്തിൽ പോലീസിൻ്റെ അന്വേഷണം തുടരുകയാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.

Related Posts