2006-ൽ മുംബൈയിൽ 180-ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ സ്ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വെറുതെ പ്രതികളെ വിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എൻ.കെ.സിങ്, എം.എം.സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടതി കേസിലെ എല്ലാ പ്രതികൾക്കും നോട്ടീസയച്ചു. അതേസമയം പ്രതികളെ ഉടൻ ജയിൽ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയിട്ടില്ല.
ജീവപര്യന്തം തടവിന് വിധിച്ച 7 പേരെയയും വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച 5 പേരെയുമാണ് തിങ്കളാഴ്ച ഹൈക്കോടതി വെറുതേവിട്ടത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഹൈക്കോടതി പറഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ബോംബുകൾ ഏത് വിഭാഗത്തിലുള്ളതാണെന്നുപോലും രേഖപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ അനിൽകിലോർ, ശ്യാംചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് പറഞ്ഞു. പ്രതികളിൽ നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന തെളിവുകളും സാക്ഷിമൊഴികളും വിശ്വാസയോഗ്യമല്ലെന്നും ബെഞ്ച് എടുത്തുകാട്ടി. കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് (എടിഎസ്) വലിയ തിരിച്ചടിയായിരുന്നു ഈ വിധി.