ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ എംആർഐ സ്കാനിങ് മുറിയിലേക്ക് അനുമതിയില്ലാതെ കയറിയ 61-കാരന് ദാരുണാന്ത്യം. അമേരിക്കയിൽ ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള വെസ്റ്റ്ബറിയിൽ പ്രാദേശികസമയം ബുധനാഴ്‌ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. ഇയാൾ ലോഹ നിർമ്മിതമായ വലിയ മാല കഴുത്തിൽ ധരിച്ചുകൊണ്ടാണ് സ്കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയത്. തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആർഐ മെഷീൻ ഇയാളെ വലിച്ചെടുക്കുകയായിരുന്നു.

എംആർഐ ആന്തരികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും മനസിലാക്കാനുള്ള സ്കാനിങ് രീതിയാണ്. എക്‌സ് റേ പോലുള്ള രീതികളിലെ പോലെ വികിരണങ്ങൾ ഉൾപ്പെടെ ഹാനികരമായ ഒന്നും എംആർഐയിൽ ഇല്ല. കൃത്യതയാർന്ന രോഗനിർണയത്തിനും അർബുദം ഉൾപ്പെടെയുള്ള രോഗങ്ങളെ കണ്ടെത്താനും എംആർഐ സ്‌കാൻ ഡോക്‌ടർമാരെ സഹായിക്കുന്നു.

എംആർഐ സ്‌കാനിങ്ങിനായുള്ള മെഷീൻ പ്രവർത്തിക്കുമ്പോൾ അത്യധികം ഉയർന്ന കാന്തികശക്തിയാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ശരീരത്തിലെ എല്ലാ ലോഹനിർമിതവസ്‌തുക്കളും നീക്കം ചെയ്‌തുവെന്ന് ഉറപ്പിച്ചശേഷം മാത്രമാണ് രോഗികളെ എംആർഐ മുറിയിലേക്ക് കൊണ്ടുപോകുക. അടുത്തിടെ പുറത്തിറങ്ങിയ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്‌ലൈൻസ് എന്ന ചിത്രത്തിൽ എംആർഐ മെഷീൻ വലിച്ചെടുത്തുള്ള അപകടമരണം കാണിച്ചിട്ടുണ്ട്.

Related Posts