ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നു പ്രസിഡൻ്റ ഡോണൾഡ് ട്രംപ്. വാസയോഗ്യമല്ലാതായിരിക്കുകയാണ് ഗാസ. മേഖലയിൽ നിന്നു പലസ്‌തീൻ ജനത ഒഴിഞ്ഞുപോകണം. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയും. ഗാസയിൽനിന്ന് ഒഴിഞ്ഞു പോകുന്നവരെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം പലസ്‌തീൻകാർ ഗാസ വിടണമെന്ന ട്രംപിൻ്റെ നിർദേശം ഹമാസ് തള്ളുകയായിരുന്നു.
പ്രധാനപ്പെട്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വച്ചതെന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. രണ്ടാംഘട്ട വെടിനിർത്തൽ കാരാറിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ചർച്ചകൾക്കുശേഷം ട്രംപിൻ്റെ നേതൃത്വ പാടവത്തെ പ്രശംസിച്ച നെതന്യാഹു, ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നും പറഞ്ഞു