അഞ്ച് ജെറ്റ് വിമാനങ്ങൾ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനിടെ തകർക്കപ്പെട്ടതായി യുഎസ് പ്രസിഡൻ്റ ഡോണാൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ ഏതാനും റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾക്കൊപ്പമുള്ള അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിൻ്റെ പരാമർശം. അതേസമയം തകർന്ന ജെറ്റ് വിമാനങ്ങൾ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റെതാണോ എന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായില്ല. ഇരു രാജ്യങ്ങളും വ്യാപാര കരാർ ഉപയോഗിച്ച് തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.
‘കുറേ യുദ്ധങ്ങൾ ഞങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം ഗുരുതരമായിരുന്നു. വിമാനങ്ങൾ വെടിവച്ചിടുകയായിരുന്നു. യഥാർഥത്തിൽ 5 ജെറ്റുകൾ വെടിവച്ചിട്ടെന്നാണ് തോന്നുന്നത്. ആണവ രാജ്യങ്ങളാണ് രണ്ടും, അവർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു’. “പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനിൽ നമ്മൾ എന്താണ് ചെയ്തതെന്ന് കണ്ടതല്ലേ. നമ്മൾ അവിടെ അവരുടെ ആണവ ശേഷി തകർത്തു, പൂർ ണമായും തകർത്തു. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും സംഘർഷവുമായി മുന്നോട്ടു പോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവിൽ വ്യാപാര കരാർ മുൻ നിർത്തി ഞങ്ങൾ അത് പരിഹരിച്ചു’.
‘ഒരു വ്യാപാര കരാർ നിങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാൽ നിങ്ങൾ ആയുധങ്ങൾ, ഒരുപക്ഷേ ആണവായുധങ്ങൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടാൻ പോകുകയാണെങ്കിൽ നിങ്ങളുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’ -ട്രംപ് വ്യക്തമാക്കി.